
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ ഹർജി അംഗീകരിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
ഡോ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹർജി ട്രൈബ്യൂണൽ വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനിടെ, ഡിഎച്ച്എസ് പദവിയുടെ അധിക ചുമതല ലഭിച്ച ഡോ. വി. മീനാക്ഷി ജൂൺ 13-ന് തന്നെ ചുമതലയേറ്റിരുന്നുവെന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.
ഡോ. മീനാക്ഷി ചുമതലയേറ്റതിന് ശേഷമാണ് ഡോ. റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും, അത്തരം സാഹചര്യത്തിൽ ട്രൈബ്യൂണൽ നൽകിയ ഇടക്കാല സ്റ്റേ നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതി വിലയിരുത്തി. രണ്ട് മാസത്തേക്ക് ഡോ. റീനയെ ഡയറക്ടറായി തുടരാൻ അനുവദിച്ചതിലൂടെ നിലവിൽ അധിക ചുമതല വഹിക്കുന്ന ഡോ. മീനാക്ഷിയെ ഫലത്തിൽ മാറ്റിനിർത്തുന്ന സാഹചര്യമാണുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ഡോ. മീനാക്ഷിക്ക് പ്രത്യേക നോട്ടീസ് നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഡോ. റീനയുടെ ഹർജി ട്രൈബ്യൂണൽ ഉടൻ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡോ. റീനയെ എറണാകുളം റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ചുമതലയിലേക്ക് മാറ്റിയ സർക്കാർ ഉത്തരവ് നേരത്തെ വിവാദമായിരുന്നു. പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടെന്ന കാരണമാണ് ആദ്യം സർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ താൻ രണ്ടര ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടതെന്നും സർക്കാരിന്റെ വിശദീകരണം തെറ്റാണെന്നും ഡോ. റീന പ്രതികരിച്ചതോടെ, സർക്കാർ ഉത്തരവ് തിരുത്തി ഇത് സാധാരണ ഭരണപരമായ സ്ഥലംമാറ്റമാണെന്ന് വ്യക്തമാക്കിയിരുന്നു.
തുടർന്ന്, നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഡോ. റീന ട്രൈബ്യൂണലിനെ സമീപിക്കുകയും അവിടെ നിന്ന് താൽക്കാലിക സ്റ്റേ നേടുകയും ചെയ്തു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയായ ഉദ്യോഗസ്ഥയെ മാറ്റി നിയമിക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.










